View Single Post
  #2103  
Old Posted Mar 11, 2014, 2:55 PM
MINUS's Avatar
MINUS MINUS is offline
Registered User
 
Join Date: Aug 2009
Posts: 1,226
Quote:
ബിഗ് പ്രോജക്ടുകളിൽ പ്രതീക്ഷയർപ്പിച്ച് തിരുവനന്തപുരം
Sujeesh K S | Story Dated : 5-January-2014

വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട്, ടെക്നോ സിറ്റി, മോണോ റെയിൽ തുടങ്ങിയ ബിഗ് പ്രോജക്ടുകളുടെ ആവിർഭാവം തിരുവനന്തപുരം ജില്ലയുടെ മുഖചിത്രം തന്നെ മാറ്റിമറിക്കാൻ പര്യാപ്തമാണ്. നിരവധി നിക്ഷേപകരെയും വ്യവസായങ്ങളെയും ആകർഷിക്കാൻ കഴിയുന്നതിനോടൊപ്പം തന്നെ ജില്ലയിലെ റിയൽ എസ്റ്റേറ്റേറ്റ് രംഗവും ഒരു വൻകുതിപ്പ് ലക്ഷ്യമിടുന്നു. പൊതുവെ പ്രതിസന്ധി അധികം ബാധിച്ചിട്ടില്ലാത്ത തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണർവാണ് ബിഗ് പ്രോജക്ടുകൾ നൽകുകയെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.

സുജീഷ് കെ എസ്

വിഴിഞ്ഞം റിയൽ എസ്റ്റേറ്റിന് കുതിപ്പേകും

തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് മേഖല ഉറ്റുനോക്കുന്ന പ്രധാന പ്രോജക്ടാണ് വിഴിഞ്ഞം പ്രോജക്ട്. ആയിരം കോടിയിലധികം ഉറപ്പായ നിക്ഷേപമാണ് വിഴിഞ്ഞം എന്ന ഒരൊറ്റ പ്രോജക്ടിലൂടെ റിയൽ എസ്റ്റേറ്റ് മേഖല ലക്ഷ്യമിടുന്നത്. ഏകദേശം മുപ്പത് ശതമാനത്തിലധികം വില വർധന അടുത്ത മൂന്ന് നാല് വർഷങ്ങൾക്കുള്ളിൽ ഈ മേഖല കേന്ദ്രീകരിച്ച് ഉണ്ടാകാൻ പോകുന്നുവെന്നാണ് കണക്കുകൂട്ടൽ. വിഴിഞ്ഞം സീപോർട്ട് പ്രാബല്യത്തിൽ വരുന്നതോടെ നിരവധി വ്യവസായങ്ങളും സർവീസ് കമ്പനികളുമെല്ലാം ഈ പ്രദേശം കേന്ദ്രീകരിച്ച് എത്തും. ഇത് അപ്പാർട്ട്മെന്റ് ഏരിയകൾക്കെന്ന പോലെ ബിസിനസ് ഏരിയ പ്രോജക്ടുകൾക്കും ഡിമാൻഡുണ്ടാക്കുന്നുണ്ട്. വിഴിഞ്ഞം പ്രോജക്ട് പ്രഖ്യാപിച്ചതു മുതൽ തിരുവനന്ത പുരത്തെ പ്രധാന റിയൽ എസ്റ്റേറ്റ് ഏരിയകളെല്ലാം ഉപഭോക്താക്കളുടെ ഹോട്ട് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്.

നിർമാണമേഖല വളരുന്നു

കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഹബ്ബ് കൊച്ചിയാണെങ്കിലും അവിടെ ഇനി വളർച്ചാ സാധ്യത പരിമിതമാണ്. തിരുവനന്തപുരം ജില്ലയിലെ റിയൽ എസ്റ്റേറ്റ് വാർഷിക വളർച്ച 15 ശതമാനത്തോളമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50-60 ശതമാനം വരെ വളർച്ച ഈ രംഗത്തുണ്ടായി. തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടേയും അപര്യാപ്ത അനുഭവപ്പെടുന്നുണ്ടെങ്കിലും ജില്ലയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് വളർച്ചയിൽ പ്രവാസി മലയാളികളുടെ സ്വാധീനം കുറവാണ്.

ഒരു കോടിയിലധികം വിലയുള്ള പ്രോജക്ടുകൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ മൂന്നു ശതമാനം വർധനവാണ് വിപണി രേഖപ്പെടുത്തുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ സമാനതകളില്ലാത്ത അഭിവൃദ്ധി നിർമാണ മേഖല കേന്ദ്രീകരിച്ച് ഉണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രധാന പ്രോജക്ടുകളായ വിഴിഞ്ഞം പോർട്ട്, മോണോ റെയിൽ, ടെക്നോസിറ്റി, ബയോടെക്നോളജി പാർക്ക് എന്നിവ റിയൽ എസ്റ്റേറ്റ് ബൂമിനൊപ്പം തന്നെ അനേകം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് ഇടയാക്കും. ഇരുപത്തയ്യായിരത്തിലധികം റെസിഡൻഷ്യൽ ഏരിയകൾക്കുള്ള അവസരം ഈ പ്രോജക്ടുകളിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുണ്ടാകുമെന്നതും കൂട്ടിവായിക്കപ്പെടേണ്ടതാണ്.

വില്ലകളോട് താൽപ്പര്യം, വാങ്ങുന്നത് ഫ്ളാറ്റുകൾ

തിരുവനന്തപുരത്തെ ജനങ്ങൾക്ക് വില്ലകളോടാണ് താൽപ്പര്യമെങ്കിലും അവരിൽ ഭൂരിഭാഗം പേരും സ്വന്തമാക്കുന്നത് ഫ്ളാറ്റുകളാണ്. കഴിഞ്ഞ മുന്ന് വർഷമായി കണ്ടുവരുന്ന ഒരു ട്രെൻഡാണിത്. മനോഹരമായ ഒരു വീടും കൊച്ചു മുറ്റവും എന്ന കാഴ്ചപ്പാട് വിട്ടുമാറാത്തതിനാൽ വില്ലകളോട് ജനങ്ങൾക്ക് മമത കൂടിയിട്ടുണ്ട്. അതിനാൽ ചുരുങ്ങിയ വർഷങ്ങളിൽ നിരവധി വില്ലാ പ്രോജക്ടുകളാണ് ജില്ലയിൽ തുടങ്ങിയത്.

എന്നാൽ വില്ലകളുടെ വില കേൾക്കുമ്പോൾ തന്നെ പലരും നെറ്റി ചുളിക്കുന്നു. ഒരു വില്ല വാങ്ങണമെങ്കിൽ 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മുടക്കേണ്ടതായി വരുന്നുണ്ട്. നഗരത്തിനകത്താണെങ്കിൽ വില്ലകളുടെ വില രണ്ട് കോടിയിലേക്കും അതിനപ്പുറത്തേക്കുമാണ് നീങ്ങുന്നത്.

സർക്കാരുദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും കൂടുതലായിട്ടുള്ള ജില്ലയിൽ ബിസിനസ് ക്ലാസിലുള്ളവർ കുറവാണെന്നതും വില്ലകളുടെ വിപണനത്തെ ബാധിക്കുന്നുണ്ട്. ജില്ലയുടെ പുറത്ത് നിന്നുള്ളവരാണ് വില്ലകൾ വാങ്ങുന്നവരിൽ കൂടുതലും. ഫ്ളാറ്റുകളിൽ താമസിക്കാനുള്ള താൽപ്പര്യം പലർക്കും കുറഞ്ഞുവരുന്നതായിട്ടാണ് റിപ്പോർട്ട്. എന്നാലും സ്ഥലപരിമിതിയും നഗരത്തോടടുത്ത് താമസിക്കണമെന്ന ആഗ്രഹവും നിമിത്തം ഫ്ളാറ്റിൽ തൃപ്തിയടയുകാണ് പലരും.
വില്ലകൾ ആവശ്യപ്പെട്ടെത്തുന്നവരിൽ 20% മാത്രമാണ് വില്ല സ്വന്തമാക്കുന്നത്. എന്നാൽ നഗരത്തോടടുത്ത് വില്ലകളെന്നത് സ്ഥലപരിമിതിമൂലം കുറഞ്ഞുവരികയാണ്.

അനുകൂല ഘടകം

കേരളത്തിലെ ഏറ്റവും ശാന്തമായതും പച്ചപ്പാർന്ന തുമായ പ്രദേശങ്ങൾ തന്നെയാണ് തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് വളർച്ചയെ ഏറ്റവുമധികം സ്വാധീനിക്കുന്നത്. നമ്മുടെ തനതു സംസ്കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും പൈതൃകത്തിനും കോട്ടം വരുത്താത്ത രീതിയിൽ തികച്ചും ആസൂത്രിതമായിട്ടാണ് ഇവുടത്തെ റിയൽ എസ്റ്റേറ്റ് രംഗം മുന്നോട്ടു പോകുന്നത്. നഗര കേന്ദ്രീകൃതമായി റിയൽ എസ്റ്റേറ്റ് രംഗത്തിനു ഇനി വളരുവാൻ സാധിക്കുകയില്ല എന്നത് വാസ്തവമാണ്. നഗരപരിധിക്കുള്ളിൽ കെട്ടിടങ്ങളുടെ, ഷോപ്പിംഗ് സമുച്ഛയങ്ങളുടെ ഒരു നിര തന്നെ ഉയർന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ ജില്ലയിലെ റിയൽ എസ്റ്റേറ്റ് വികസിക്കുന്നത് ഉള്ളൂർ, കേശവദാസപുരം, പിഎംജി, പാളയം, പട്ടം മുതൽ കവടിയാർ, വഴുതക്കാട്, തമ്പാനൂർ, ഈസ്റ്റ്ഫോർട്ട്, ശാസ്തമംഗലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്. നഗരത്തോടടുത്ത് ലക്ഷ്വറി അപ്പാർട്ട്മെന്റുകൾക്ക് സ്ക്വയർഫീറ്റിന് മൂവായിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് നിലവിലെ വില.

വളർച്ച തുടരുമെന്ന് പ്രതീക്ഷ

എസ് എൻ രഘുചന്ദ്രൻ നായർ
ചെയർമാൻ-ക്രെഡായ് കേരള,
മാനേജിംഗ് ഡയറക്ടർ-എസ്ഐ പ്രോപ്പർട്ടി,
തിരുവനന്തപുരം

ഇപ്പോൾ സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്. തിരുവനന്തപുരത്തെ നിർമാണ മേഖലയ്ക്ക് പിൻബലമേകുന്ന ഘടകങ്ങളിൽ പ്രാധാനം റോഡുകളാണ്. മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജില്ലയിലെ റോഡുകൾ മികച്ചു നിൽക്കുന്നു. അതുപോലെ ഇവിടുത്തെ അന്തരീക്ഷവും. കഴക്കൂട്ടത്ത് നിന്ന് കോവളം ബൈപ്പാസ് വരെയുള്ള നാലുവരിപ്പാത പൂർണമാകുന്നതോടെ ഈ മേഖലകളിലെ നിർമാണ മേഖലയ്ക്ക് ഉണർവുണ്ടാകും. കഴിഞ്ഞ പത്ത് വർഷം കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ മുന്നേറ്റത്തിന് സമാനമോ അല്ലെങ്കിൽ അതിനേക്കാൾ ഇരട്ടിയോ വികസനമാണ് ഇനിയുണ്ടാകാൻ പോകുന്നത്. തിരുവനന്തപുരത്ത് ഇപ്പോൾ ഓവർ സപ്ലൈ ഇല്ലാത്തതു കാരണം ഒരു മെച്ചപ്പെട്ട വിലസൂചിക നിലനിറുത്താനാകുന്നുണ്ട്. വില്ലാ പ്രോജക്ടുകളോട് താൽപ്പര്യം വർധിച്ചിട്ടുണ്ടെങ്കിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇത്തരം പ്രോജക്ടുകൾ കൂടുതലായുള്ളത്. ഉന്നത വരുമാനക്കാർക്കാണ് വില്ലകളോട് കൂടുതൽ പ്രിയം. അപ്പാർട്ട്മെന്റുകളോടും താൽപ്പര്യം വർധിച്ചിട്ടുണ്ട്.

ഡോ എ ആർ ബാബു
മാനേജിംഗ് ഡയറക്ടർ- ഹീര ഹോംസ് -
തിരുവനന്തപുരം

ഒരു നിക്ഷേപമായോ അവധിക്കാലത്തെ താമസസ്ഥലമായോ ഒന്നും തിരുവനന്തപുരത്ത് ആളുകൾ അപ്പാർട്ട്മെന്റുകളോ ഫ്ളാറ്റുകളോ വാങ്ങുന്നില്ല. താമസിക്കാൻ വേണ്ടി തന്നെയാണ് തിരുവനന്തപുരം തെരഞ്ഞെടുക്കുന്നത്. വലിയ ഫാക്ടറികളോ മലിനീകരണ പ്രശ്നങ്ങളോ ഇല്ലാത്ത മികച്ച അന്തരീക്ഷമാണെന്നതും അനുകൂല ഘടകങ്ങമാണ്. പണ്ട് ഒരാൾ വീടിനെക്കുറിച്ച് ആലോചിക്കുന്നത് അയാളുടെ 40-ാം വയസിലായിരുന്നുവെങ്കിൽ ഇന്ന് ഒരാൾക്ക് ജോലി കിട്ടി വിവാഹം കഴിക്കുന്നതിനോ ഒരു വാഹനം വാങ്ങുന്നതിനോ മുമ്പ് അയാൾ വീട് വാങ്ങാൻ തയ്യാറാകുന്നു. ഇത് നിർമാണ മേഖലയ്ക്ക് ഗുണകരമായി വന്നിട്ടുണ്ട്. ബജറ്റ് പരമാവധി കുറച്ച് മൂന്ന് ബെഡ്റൂമുകൾ അടങ്ങുന്ന ചെറിയ ഫ്ളാറ്റുകൾക്കാണ് ഇന്ന് ആവശ്യക്കാർ കൂടുതലുള്ളത്. അപ്പാർട്ട്മെന്റുകളും ഒരു നല്ല സെക്യൂരിറ്റിയായി കണക്കാക്കി പലരും വാങ്ങുന്നുണ്ട്.

കഴക്കൂട്ടമെല്ലാം ഇപ്പോൾ സിറ്റിയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. കാരണം സിറ്റിക്കകത്ത് സ്ഥലമില്ലാതായിരിക്കുകയാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ തിരുവനന്തപുരം നഗരം തമ്പാനൂർ മുതൽ ആറ്റിങ്ങൽ വരെ വിസ്തൃതമാകും. കാര്യമായ പ്രതിസന്ധികൾ ജില്ലയിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കില്ല. റെഗുലേറ്ററി ബില്ല് ശരിയായ ദിശയിലല്ലെന്ന ധാരണയാണ് എനിക്കുള്ളത്. ബില്ല് ബിൽഡർക്കും ഉപഭോക്താവിനും ഗുണകരമാകണം. എന്നാൽ ഇപ്പോൾ വന്ന ബില്ല് ബിൽഡറെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. അത് തെറ്റായ ഒരു സംവിധാനത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തിക്കും.

ശബരി രത്തൻ എം
പാർട്ണർ-പിആർഎസ് ബിൽഡേഴ്സ്-
തിരുവനന്തപുരം

നിലവിൽ തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് മേഖല മുന്നേറ്റമുണ്ടാക്കുന്നുണ്ട്. തലസ്ഥാനത്ത് ആദ്യമായി അപ്പാർട്ട്മെന്റെന്ന ആശയം അവതരിപ്പിച്ച ഞങ്ങൾക്ക് ഇവിടുത്തെ ട്രെൻഡെന്താണെന്ന് മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ ഒരു ദശാബ്ദക്കാലം നോക്കുകയാണെങ്കിൽ വില്ലകളോട് ജനങ്ങൾക്ക് താൽപ്പര്യം കൂടിയിട്ടുണ്ട്. എന്നാൽ സ്ഥലപരിമിതി നേരിടുന്ന നഗരത്തിൽ എല്ലാവരും താമസം ഫ്ളാറ്റുകളിലേക്കാകുയാണ് ചെയ്യുന്നത്. നഗരത്തിൽ തുടർന്നും ഫ്ളാറ്റുകൾക്കാണ് സാധ്യതയുള്ളത്.

വിഴിഞ്ഞം പദ്ധതി വരുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് മുന്നേറ്റമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുപോലെ തന്നെ ടെക്നോപാർക്കിന്റെ മൂന്നാംഘട്ട വികസനം നടപ്പാക്കുന്നതോടെ വാടകയ്ക്കും സ്വന്തമായുമെല്ലാം താമസസ്ഥലം ആവശ്യമുള്ളവരുടെ എണ്ണം വർധിക്കും.

ഭൂമി വില കൂടി വരുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയ പ്രതിസന്ധിയായി കണക്കാക്കാം. എംജി റോഡിലാണെങ്കിൽ സ്ഥലത്തിന് ഒരു കോടി രൂപയിലധികമാണ് വില. ഉൾപ്രദേശങ്ങളിൽ സെന്റിന് 30-35 ലക്ഷം രൂപ വരെ വിലയുണ്ട്്. അത്രയും രൂപ നൽകി ഭൂമി വാങ്ങി വീടു വച്ച് വിൽക്കുന്നത് ബിൽഡേഴ്സിന് പ്രതിസന്ധി സൃഷ്ടിക്കും. ടെക്നോപാർക്ക് കേന്ദ്രീകരിച്ചും ശാസ്തമംഗലം, വഴുതക്കാട്, എംജി റോഡ്, കവടിയാർ, കുറവങ്കോണം എന്നിവിടങ്ങളിലും സ്ഥലവില വളരെ കൂടുതലാണ്.
http://www.emergingkerala.in/detail_news.php?id=730
Reply With Quote